Monday, March 19, 2007

കേരളത്തില്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നുവെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിച്ചുവരുന്നതായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്‌ നേരത്തെ വിവാദമായിരുന്നു. തൊട്ടു പിന്നാലെ 1957 ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയെ അട്ടിമറിക്കാന്‍ മലയാള മനോരമയും ദീപികയും സി ഐ ഐ യുടെ പണം പറ്റിയതായി സൂചനയുണ്ടെന്നും അതില്‍ ദീപിക ഇപ്പോഴും പണം പറ്റുന്നോ എന്ന്‌ സംശയമുണ്ടെന്നും മുഖ്യമന്ത്രി ഈയിടെ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ദീപിക തന്നെയും തണ്റ്റെ കുടുംബത്തിനു നേരെയും ആരോപണമുന്നയിക്കുകയാണ്‌. നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവന വ്യാപകമായി തെറ്റിദ്ധരിച്ചുവെന്നും അതേ സമയം എല്ലാ പത്രക്കാരും ഒരേ പോലെ യോഗ്യന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും അറുത്തുമുറിച്ചുള്ളതായിരുന്നു വി എസിണ്റ്റെ വാക്കുകള്‍! ഒപ്പം നിയമസഭയില്‍ പത്രക്കാരെ അടച്ചാക്ഷേപിച്ചതില്‍ ഒരു ചെറിയ ഖേദപ്രകടനവും. പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കേറ്റിലുള്‍പ്പെടുത്തിയ പത്രങ്ങളെക്കുറിച്ചൊന്നും പറയാതെ അദ്ദേഹം ഒഴിവാക്കിയ പത്രങ്ങളെയാണ്‌ വി എസ്‌ വിമര്‍ശിച്ചത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞത്‌ ശരിയാണെന്നും സി ഐ ഐയുടെ സഹായത്തോടെ കേരളത്തില്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിങ്ങള്‍ കരുതുന്നുണ്ടോ??

*സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കൂട്ടരുമാണ്‌ ഈ പരാതിയുമായി ഈ അടുത്തകാലത്ത്‌ രംഗത്തുവന്നത്‌. ഭാവി മുഖ്യമന്ത്രിയായി തനിയേ പ്രഖ്യാപിച്ച്‌ കേരളത്തിണ്റ്റെ തെക്കേ അറ്റത്തുനിന്നും യാത്ര തുടങ്ങിയ പിണറായി അരമനകളിലും ആശ്രമങ്ങളിലും കയറിയിറങ്ങി വോട്ട്‌ ഉറപ്പാക്കി തിരുവനന്തപുരത്തെത്തും മുമ്പേ ലാവ്ലിനെന്ന ഭൂതം ആ മോഹത്തെ വിഴുങ്ങി. ചുവപ്പുമയമുള്ളതും ചുവപ്പാക്കിമാറ്റിയതുമായ വിരലിലെണ്ണാവുന്ന മാധ്യമങ്ങളേ അന്ന്‌ പിണറായിക്ക്‌ സ്തുതി പാടിയുള്ളൂ. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളിലുള്ള ഈര്‍ഷ്യയാണോ പിണറായി വിജയനെക്കൊണ്ട്‌ ഇതു പറയാന്‍ പ്രേരിപ്പിച്ചത്‌?

*ജനകീയാസൂത്രണകാലത്ത്‌ ഡച്ച്‌ സര്‍ക്കാരില്‍ നിന്നും ഫണ്ട്‌ കൈപ്പറ്റാന്‍ മുന്നിട്ടിറങ്ങിയത്‌ ഇന്നത്തെ ധനമന്ത്രി തോമസ്‌ ഐസക്ക്‌. കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവ്ലിനുമായി കോടികളുടെ അഴിമതിക്ക്‌ വഴിവെച്ച വിവാദ കരാറിന്‌ നേതൃത്വം കൊടുത്തത്‌ അന്നത്തെ വിദ്യുഛക്തിവകുപ്പു മന്ത്രി പിണറായി വിജയന്‍. അമേരിക്കയടക്കമുള്ള കുത്തക രാജ്യങ്ങള്‍ക്ക്‌ വ്യക്തമായ സ്വാധീനമുള്ള എ ഡി ബിയുമായി മുഖ്യമന്ത്രിപോലുമറിയിക്കാതെ കരാറൊപ്പിട്ടത്‌ ഇന്ന്‌ കേരളം ഭരിക്കുന്ന സി പി എം മന്ത്രിമാര്‍. സി ഐ ഐക്ക്‌ ഈ സാഹചര്യങ്ങളില്‍ അനായാസം നുഴഞ്ഞുകയറാമെന്നിരിക്കെ കേരളത്തിലെ മാധ്യമപ്രവര്‍ത്തരെ മാത്രം അവര്‍ സ്വാധീനിച്ചു എന്ന ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ട്‌?


അഭിപ്രായങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മഹേഷ് മംഗലാട്ട്‌ said...
ഇത്തരം തമാശകള്‍ കാര്യമായി ചര്‍ച്ചചെയ്യേണ്ടതുണ്ടോ?
വിമര്‍ശിച്ചത് ആരെന്നും ഏതു സാഹചര്യത്തിലെന്നും നോക്കിയാല്‍ അതിലെത്ര സത്യമുണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
Mar 20 by E mail

ടി ഷൈബിന്‍ said...
കേരളത്തില്‍ മാധ്യമ സിണ്റ്റിക്കേറ്റെന്ന ആരോപണം ഉന്നയിച്ചത്‌ പിണറായി വിജയനു വേണ്ടിയുള്ള കണ്ണൂറ്‍ ലോബി മാത്രമാണ്‌. കണ്ണൂരിന്‌ പുറത്ത്‌ സി പി എമ്മില്‍ അങ്ങനെ ഒരഭിപ്രായം ജി സുധാകരന്‌ മാത്രമാണുള്ളത്‌. എല്ലാവിധ മാധ്യമ ധര്‍മവും കാറ്റില്‍പ്പറത്തി നസ്രാണി ദീപികയെ ദത്തെടുത്ത പിണറായി, കൂലിക്കാരെ വെച്ച്‌ വി എസിനെതിരെ പടച്ചുവിടുന്ന വാര്‍ത്തകളല്ലേ യഥാര്‍ത്ഥ ഗൂഢാലോചന?

അഥവാ ജനശക്തിയിലൂടെ പിണറായിക്കെതിരെ വി എസ്‌ നടത്തുന്ന ഒളിയമ്പല്ലേ സത്യത്തില്‍ മാധ്യമ ഭീകരത. ഇതുരണ്ടുമല്ലേ ശീമത്തമ്പുരാന്‍മാര്‍ ചര്‍വിതചര്‍വണം ചെയ്യുന്ന മാധ്യമ സിണ്ടിക്കറ്റ്‌? പിണറായിക്കു വേണ്ടി പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ മഷി ചെലവാക്കുന്ന ഐ വി ദാസിണ്റ്റെ മകനല്ലേ വി എസിനുവേണ്ടി ദേശാഭിമാനിയില്‍ നിന്ന്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയത്‌? ജി ശക്തിധരന്‍ പുറത്തുപോയെങ്കിലും ചാരി നിന്ന മതിലിണ്റ്റെ മണം വിട്ടുപോകാന്‍ താമസം എടുക്കില്ലേ? പാര്‍ട്ടിയില്‍ ആധിപത്യം കിട്ടാനുള്ള പോരിനിടയില്‍ എന്തിനാണ്‌ സഖാക്കളേ പാവം പേനയുന്തി പത്രപ്രവര്‍ത്തകരെ/ ചാനല്‍ ജീവികളെ ചാപ്പകുത്തി വേര്‍തിരിക്കുന്നത്‌.

59-ല്‍ സി ഐ എയില്‍ നിന്ന്‌ പണം കൈപ്പറ്റിയെന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കാലങ്ങളായി ആരോപിക്കുന്ന വിമോചന സമരത്തിണ്റ്റെ അമരത്തു നിന്ന ദീപികയെ എങ്ങനെയാണ്‌ പിണറായി വിജയന്‌ മാറോടണയ്ക്കാന്‍ സാധിക്കുന്നത്‌? കാലം മാറുമ്പോള്‍ എന്തെല്ലാം ഇവര്‍ക്ക്‌ അഭിമതമാകുന്നു? അനഭിമത വാര്‍ത്തകളല്ലേ യഥാര്‍ത്ഥത്തില്‍ മാധ്യമ സിണ്ടിക്കേറ്റെന്ന ആരോപണത്തിന്‌ പ്രേരിപ്പിച്ചത്‌. വിധി എതിരാകുമ്പോള്‍ കോടതിക്കും വാര്‍ത്ത അപ്രിയമാകുമ്പോള്‍ മാധ്യമത്തിനും നേരെ കുതിരകയറുന്നത്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഭൂഷണമോ?
Mar 21 by E mail

മഹേഷ് മംഗലാട്ട്‌ said...

ശക്തിധരനും ഷാജഹാനുമാണ് മാദ്ധ്യമസിണ്ടിക്കേറ്റ് എന്ന നിലയിലുള്ള സൂചനകളാണ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തില്‍ കാണുന്നത്. എ.കെ.ജി-ഇ.എം.എസ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിലാണ് അദ്ദേഹം ഈ വിശദീകരണം നല്കിയത്.
വമ്പിച്ച സാമ്പത്തിക നേട്ടം ശക്തിധരനും ഷാജഹാനും കോടിയേരിയുടെ പൂമൂടല്‍ പുറത്താക്കിയതിലൂടെ ഉണ്ടായി എന്നും പിണറായി പറഞ്ഞതായാണ് പത്രത്തില്‍ കാണുന്നത്.
March 22, 2007 by E mail

അജിത്‌ കണ്ണൂര്‍ said...
പിണറായിയുടെ ഉദ്ദേശം നിറവേറുന്നു.ലാവലിന്‍ അഴിമതിയെപ്പറ്റി പറയുന്നവരൊക്കെ മാധ്യമ സിണ്ടിക്കേറ്റ്‌ തന്നെയാണ്‌.മകന്‍ ലണ്ടനില്‍ പഠിക്കുന്നത്‌ ലാവലിന്റെ പങ്കാളിയുടെ സഹായത്താലാണന്ന് പറയുന്നവരും മാധ്യമസിണ്ടിക്കേറ്റില്‍ പെട്ടവരാണ്‌.പാര്‍ട്ടി നേതാവിന്റെ സിംഗപ്പൂരിലെ ബിസ്സിനസ്സിനെപ്പറ്റി പറഞ്ഞിപരത്തുന്നവര്‍ മീഡിയ സിണ്ടിക്കേറ്റുകാര്‍ തന്നെയല്ലേ. പിണറായിക്ക്‌ ചെന്നൈയില്‍ വക്കം പുരുഷോത്തമന്റെ ബന്ധുക്കളുമായിട്ടുള്ള ബിനാമി ബിസ്സിനസ്സിനെപ്പറ്റി മിഡിയ സിണ്ടിക്കേറ്റുകാര്‍ എന്തിനണ്‌ വേവലാതിപ്പെടുന്നത്‌. ഗള്‍ഫില്‍ കുഞ്ഞാലിക്കുട്ടിയുമായും വക്കത്തിന്റെ ബന്ധുമായിട്ടുള്ള ബിസ്സിനസ്സിനെപ്പറ്റി പറയാന്‍ മിഡിയ സിണ്ടിക്കേറ്റിന്ന് ആരാണ്‌ അധികാരം കൊടുത്തത്‌. ഇനിയും മിഡീയ സിണ്ടിക്കേറ്റ്‌ മര്യാദക്ക്‌ നിന്നില്ലെങ്കില്‍ തീവ്രവാദിയെന്ന് പറഞ്ഞ്‌ കാലാകാലം ജയിലില്‍ തന്നെ ഓര്‍മ്മയിരിക്കട്ടെ. ajithkk@hotmail.com

പ്രവിണ്‍ രാജ്‌.തിരുവനന്തപുരം said...
സുഹൃത്തുക്കളെ,നിങ്ങള്‍ ദയവ്‌ ചെയ്ത്‌ പിണറായിക്ക്‌ എതിരായി ഒന്നും പറയരുത്‌.ചുളുവില്‍ മുഖ്യമന്ത്രിയാകാമെന്ന് കരുതി കുപ്പായം തുന്നിച്ച്‌ കാത്തിരുന്ന പിണറായിക്ക്‌ എറ്റ ശക്തമായ പ്രഹരം അദ്ദേഹത്തിന്റെ മാനസിക നിലയാകെ തകര്‍ത്തിരിക്കുന്നു.ഇന്ന് തോക്കും കയ്യില്‍ പിടിച്ച്‌ കണ്ണില്‍ കണ്ടവരെയൊക്കെ വെടിവെയ്ക്കാന്‍ ഒാടിനടക്കുകയാണ്‌. ആവശ്യമില്ലാതെ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞ്‌ അദ്ദേഹത്തിന്റെ മുന്നില്‍ പെട്ടാല്‍ ജീവിതം കട്ടപ്പുകയാണ്‌. മാധ്യമസിണ്ടിക്കേറ്റ്‌ എന്ന് പറഞ്ഞ്‌ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളൂടെ മുനയൊട്‌ഇക്കാമെന്ന് സ്വപ്നവും തകര്‍ന്നിരിക്കുന്നു. ഇനി പാര്‍ട്ടി പിടിച്ചെടുക്കാമെന്ന ധാരണയില്‍ സ്വന്തമായിട്ടൊരു മാധ്യമ സിണ്ടിക്കേറ്റും ഉണ്ടാക്കിയിട്ടുണ്ട്‌.കൈരളി,ദീപിക, മനോരമ, ദേശാഭിമാനി തുടങ്ങിയവയും ഏഷ്യാനെറ്റ്‌ വിലക്ക്‌ വാങ്ങിയവരുമായി ചര്‍ച്ചയും നടക്കുന്നുണ്ട്‌.
pvraaj@yahoo.com

Anonymous said...
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ്‌ മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യുറോ മെമ്പറുമായ സ: വി എസ്‌ അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ്‌ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ്‌ 7 നാണ്‌ കണ്ണൂരില്‍ വച്ച്‌ വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്‌.സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ്‌ അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്‌. സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ്‌ ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം. പിപ്പിള്‍സ്‌ ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട്‌ പി.സി ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു.
May 3, 2007 4:34 AM

നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ (കമണ്റ്റ്‌ ബോക്സില്‍) രേഖപ്പെടുത്തുക