Thursday, May 17, 2007

വി എസ്സിനെ ആര്‍ക്കാണ് പേടി

ഇടതു ജനാധിപത്യ മുന്നണി നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തില്‍ നാം കണ്ടത്‌ കെട്ടുകളെല്ലാം പൊട്ടിച്ച്‌ സ്വതന്ത്രനായി പുറത്തു വന്ന വി എസ്‌ അച്യുതാനന്ദനെയാണ്‌. ആരുടെയൊക്കെയോ ആവശ്യത്തിനു ആര്‍ക്കോ വേണ്ടി നീക്കിവെച്ചിരുന്ന മുഖ്യമന്ത്രി സ്ഥാനം കേരളത്തിലെ ജനങ്ങളും അവരുടെ പിന്‍തുണയോടെ മാധ്യമങ്ങളുമാണ്‌ വി എസിന്റെ കൈയിലേല്‍പ്പിച്ചു കൊടുത്തത്‌. അതു കൊണ്ടുതന്നെ ഭരണത്തിന്റെ ആദ്യ ദിവസങ്ങള്‍ തൊട്ട്‌ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ വേലിക്കകത്തു തന്നെയായിരുന്നു.

അതിപ്രധാന വകുപ്പുകളായ വിജിലന്‍സും ആഭ്യന്തരവും എടുത്തുകളഞ്ഞ്‌ ഒരു പാവ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമമായിരുന്നു പാര്‍ട്ടിയിലെ തല്‌പര കക്ഷികള്‍ നടത്തിയത്‌. പാലോളിയെന്ന പാവ ഭരണാധികാരിയെ പിടിച്ചിരുത്തി വി എസിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി ആദ്യം ശ്രമിച്ചു. തിരുവമ്പാടി തിരഞ്ഞെടുപ്പിലൂടെ അടക്കിയിരുത്താന്‍ പിണറായിയും കൂട്ടരും വീണ്ടും ഒരു ശ്രമവും കൂടി നടത്തി . ഈ കള്ളന്മാരുള്ള കപ്പലില്‍ വി എസിന്റെ ഇനിയുള്ള യാത്ര അത്ര സുഖകരമാവില്ല!

എഡിബി വായ്‌പയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ വാക്കുമാറ്റി കരാറൊപ്പിട്ടതും വി എസിന്റെ ഇമേജിന്‌ കോട്ടമായി. അതും കേരളം കണ്ട വലിയ ഒരു രാഷ്ട്രീയ ഗൂഡാലോചനയായിരുന്നു. മങ്ങിത്തുടങ്ങിയ ഇമേജിനു മേല്‍ സൂര്യപ്രഭ ചൊരിഞ്ഞ്‌ മൂന്നാര്‍ ഓപ്പറേഷനിലൂടെ വി എസ്‌ വീണ്ടും ജനകീയനായിരിക്കുന്നു. വി എസിന്റെ വിശ്വസ്‌തരായ ഉദ്യോഗസ്ഥരെ തഴയാന്‍ പാര്‍ട്ടി സെക്രട്ടറിയും ഘടക കക്ഷികളുമടങ്ങുന്ന സംഘം വീണ്ടും ഗൂഡാലോചനയുമായി രംഗത്തുവന്നെങ്കിലും ജന പിന്‍തുണക്കു മുമ്പില്‍ അവര്‍ മുട്ടു മടക്കുന്ന കാഴ്‌ചയാണ്‌ കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌.

വി എസിനെ ആരാണ്‌ പേടിക്കുന്നത്‌?

കേരളം അമ്പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ മാറിമാറിവരുന്ന ഭരണങ്ങള്‍ക്കിയില്‍ നാം കൊതിച്ചതിന്റെ ഒരംശമെങ്കിലും വി എസിന്‌ നല്‍കാനായോ?

വി എസ്‌ സര്‍ക്കാരിന്റെ ഭാവി എന്ത്‌?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ (കമന്റ്‌ ബോക്‌സില്‍) രേഖപ്പെടുത്തുക

അഭിപ്രായങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക